Skip to main content

ബാലാവകാശ വാരാചരണം: ജില്ലയില്‍ വിപുലമായ പരിപാടികള്‍ ഉദ്ഘാടനം നവംബര്‍ 14ന്

 

കൊച്ചി: ജില്ലാ ഭരണകൂടവും എറണാകുളം ജില്ലാ ശിശുസംരക്ഷണ യൂണിറ്റും സംയുക്തമായി നവംബര്‍ 14 മുതല്‍ 20 വരെ വിവിധ പരിപാടികളോടെ ബാലാവകാശ വാരാചരണം സംഘടിപ്പിക്കും. കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി ബോധവത്കരണം ലക്ഷ്യം വച്ച് വാഹനപര്യടനവും സംഘടിപ്പിക്കും. കുട്ടികളുടെ അവകാശസംരക്ഷണത്തിനായുള്ള നിയമങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമുള്ള പ്രദര്‍ശനവും തത്സമയ പ്രശ്‌നോത്തരി മത്സരവും വാഹനപര്യടനത്തിന്റെ ഭാഗമാണ്.
  14 ന് രാവിലെ 10.30 ന്  വാരാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനലും വാഹന പര്യടന ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയും തൃക്കാക്കര ഓപ്പണ്‍എയര്‍ സ്‌റ്റേജില്‍ നിര്‍വഹിക്കും.  തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ കെ കെ നീനു അധ്യക്ഷയായിരിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് വി വിനീത, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മജ നായര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പ്രീതി വില്‍സണ്‍, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ ജെ മായാലക്ഷ്മി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ ബി സൈന, ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.എം. നിഷാദ് തുടങ്ങിയവര്‍ സംസാരിക്കും. 14-ന് മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍  എന്നിവിടങ്ങളില്‍ വാഹന പര്യടനം ഉണ്ടായിരിക്കും. 

നവംബര്‍ 15ന് കാലടി, അങ്കമാലി, ആലുവ, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളിലായിരിക്കും വാഹന പര്യടനം. 16ന് തൃപ്പൂണിത്തുറ, വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലാണ് വാഹന പര്യടനം നടത്തുക.  നവംബര്‍ 17ന്  കളമശ്ശേരി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്റെ സുരക്ഷ എന്റെ അവകാശം എന്ന വിഷയത്തില്‍ കുട്ടികളുടെ സെമിനാര്‍ നടത്തും. ഇടപ്പള്ളി, ആലുവ എന്നിവിടങ്ങളില്‍ ഫ്‌ളാഷ് മോബ് ഉണ്ടായിരിക്കും.

നവംബര്‍ 18ന് ഞങ്ങളുടെ അവകാശങ്ങളിലേക്ക് ഒരു ചുവട് എന്ന പേരില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കും. ആലുവ, കലൂര്‍, ഇടപ്പള്ളി ടോള്‍, ഹൈക്കോടതി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ തെരുവുനാടകം ഉണ്ടായിരിക്കും. നവംബര്‍ 19ന് രാവിലെ 9ന് മറൈന്‍ െ്രെഡവില്‍ നിന്ന് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് വരെ കൂട്ടയോട്ടം സംഘടിപ്പിക്കും. 19ന് വൈകിട്ട് നാലിന്  പറക്കട്ടെ ഞാനും ആകാശം മുട്ടെ എന്ന പേരില്‍ ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ പട്ടം പറത്തല്‍ സംഘടിപ്പിക്കും. 20 ന് സമാപന സമ്മേളനവും പോസ്റ്റര്‍ പ്രദര്‍ശനവും കാക്കനാട് കലക്ടറേറ്റില്‍ നടക്കും.
ഫ്‌ളാഷ് മോബ്, ടാബ്‌ളോ, പ്രശ്‌നോത്തരി മത്സരം, തെരുവുനാടകം തുടങ്ങിയവ വിവിധ കോളേജുകളുമായി ചേര്‍ന്നാണ്  ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്നത്. തൃക്കാക്കര ഭാരത് മാതാകോളേജ്, എറണാകുളം സെന്റ് ആല്‍ബേര്‍ട്‌സ് കോളേജ്, കോതമംഗലം എല്‍ദോ മാര്‍ ബസേലിയസ് കോളേജ്, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് തുടങ്ങിയ കോളേജുകളാണ് ബാലാവകാശ വാരാചരണം സംഘടിപ്പിക്കാന്‍  ജില്ലാ ശിശു സംരക്ഷണയൂണിറ്റുമായി കൈകോര്‍ക്കുന്നത്. 

date